Ckalari is my friend

Ckalari is my friend

Friday, June 10, 2011

നീ ആരാണ്...?!

സ്ത്രീ എന്ന പദത്തിന്റെ അര്‍ത്ഥങ്ങളിലൊന്ന്
മധുരവും ദീപ്തവുമായ ഒന്ന്
നീയെന്നെ പഠിപ്പിച്ചു.
നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?

പ്രണയത്തിന്റെ നിമ്നോന്നതികളില്‍
നീയെന്നെ വഴി നടത്തി.
നീ പകര്‍ന്ന സ്നേഹദര്‍ശനങ്ങളില്‍
ഞാനെന്റെ അനുഭവങ്ങളെ കാച്ചിക്കുറുക്കി.
എന്നിട്ടും, നിന്നെ ഞാനറിഞ്ഞില്ല.
നീ ആരാണ് ?!

മൌനത്തിന് വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടെന്നും
ഒരു നോട്ടത്തിന് ഹൃദയത്തുടിപ്പുകളെ
നിയന്ത്രിക്കാനാവുമെന്നും നീ തെളിയിച്ചു...!
എങ്കിലും, നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?!!

മരണത്തോളം നീളുന്ന യാത്രയില്‍
നീയെനിക്കു കൂട്ടായി.
എന്റെ വീഴ്ച്ചകളില്‍ തുണയായി.
ഇപ്പോ‍ഴും, നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?!!!

ഉയര്‍ത്തെഴുന്നേല്പ്.

ചിരന്തനയുടെ വാക്കുകളില്‍ അഗ്നിയാളുന്നു
അതിന്റെ തീവ്രതയില്‍ എന്റെ മോഹങ്ങളുരുകുന്നു.
കാലം എനിക്കു മുമ്പേ,
നിശ കൊലവിളിമുഴക്കുന്ന യക്ഷി.
കഴുത്തൊടിഞ്ഞ ശവങ്ങളില്‍
കാമുകന്റെ കണ്ണുകള്‍!
കാറ്റിന്റെ കരങ്ങളില്‍ ചങ്ങലക്കുടുക്കുകള്‍!
മഴുവേന്തിയവര്‍ക്ക് ജീവിതം വെറുമൊരു കളിപ്പന്ത്.
ഞാന്‍ മരിക്കുന്നു...!
ഉയര്‍ത്തെഴുന്നേല്പിന്റെ നാളുകളില്‍
പ്രവാചകന്റെ അരുളപ്പാടുകള്‍.
നീ ദൈവ പുത്രന്‍
നീ മരണമില്ലാത്തവന്‍
നീ ലോകൈക രക്ഷകന്‍...!