Ckalari is my friend

Ckalari is my friend

Wednesday, November 4, 2009

ലൌ ജിഹാദ്...!

പ്രണയം നടിച്ചും വശീകരിച്ചും
മതം മാറ്റം നടത്തുന്നതാര്‍ക്കു വേണ്ടി..?
പോര്‍വിളിമുഴക്കിയും ചാവേറായ് മാറിയും
മതങ്ങള്‍ വളര്‍ത്തുന്നതാര്‍ക്കു വേണ്ടി..?

ആരുകൊടുത്തതാണീ ഖഡ്ഖമീ പിഞ്ചു
കൈകളിലാരുടെ തലയറുക്കാന്‍....?!
ആരു പകര്‍ന്നതാണീ ശപ്ത മോഹങ്ങള്‍
ഒരായിരം യൌവ്വനം ബലി നല്‍കിടാന്‍...!

മണ്ണില്‍ പിറന്ന മനുഷ്യര്‍ നമ്മള്‍
മണ്ണിലേക്കെന്നോ മടങ്ങേണ്ടവര്‍
സോദരരായി കഴിയേണ്ടവര്‍
ശാന്തിയിതെന്നും പുലര്‍ത്തേണ്ടവര്‍...!

എന്തിനു വേണ്ടിയീ ‘ജിഹാദുകള്‍’
പരസ്പരം വൈരം വളര്‍ത്തുന്ന ജല്പനങ്ങള്‍.
കൈവെടിഞ്ഞീടുക നമ്മളീ കുതന്ത്രങ്ങള്‍
നെഞ്ചോടു ചേര്‍ക്കുക മത ബോധ മൂല്യങ്ങള്‍...!

Sunday, November 1, 2009

പാഴ് മരം.

കായ്ക്കാത്ത, പൂക്കാത്ത
പാഴ് മരമാണു ഞാന്‍.
കണികണ്ടാല്‍ പോലും ദോഷമത്രേ...!

അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂറ്റുവാന്‍
തങ്കക്കുടത്തിനെ തന്നതില്ല,
എന്റെ നെഞ്ചില്‍ പാലാഴി തീര്‍ത്തതില്ല.

ഞെട്ടറ്റു വീഴുന്ന പുഷ്പങ്ങള്‍ പോലെന്റെ
സ്വപ്നങ്ങള്‍ വാടിക്കരിഞ്ഞു പോയി,
നെഞ്ചകം നീറിപ്പിടഞ്ഞു പോയി.

മോഹഭംഗങ്ങള്‍ ഉള്ളിലൊതുക്കി
മോഹിക്കാന്‍ മാത്രമാണെന്റെ യോഗം,
തീരാത്ത വ്യഥയാണിന്നെന്റെ ജന്മം.

താരാട്ടു പാടിയുറക്കാന്‍, നെറുകയില്‍
പൊന്നുമ്മ നല്‍കിയുണര്‍ത്താന്‍,
വാരിയെടുത്തൊന്നു മാറോടുചേര്‍ക്കുവാന്‍
ഉള്ളം തുടിക്കുന്ന നേരം,
എന്റെ മിഴി രണ്ടും നിറയുന്ന നേരം

കാണാറുണ്ടെന്‍ മണിക്കണ്ണനെ
ഞാനെന്റെ മാനസ്സ ദര്‍പ്പണത്തിങ്കല്‍,
ഇനിയുമെന്‍ ചാരത്തു ചേരാത്ത
കള്ളന്റെ ചേലൊത്ത കുട്ടിക്കളികള്‍...!

Saturday, August 29, 2009

പരിണാമം.

കുന്നിടിച്ചു നമ്മള്‍ കുഴിനികത്തി
രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്തി.
കാടായ കാടൊക്കെ വെട്ടി നമ്മള്‍
കാടിന്റെ മക്കളെ കുടിയിറക്കി.

പച്ചപ്പു തിങ്ങും വയലേലകള്‍
തരിശിട്ടു നമ്മള്‍ കൊടിപിടിച്ചു.
പൊന്നുപൂക്കുന്നൊരീ മണ്ണില്‍ നമ്മള്‍
പണിയെടുക്കാതെ മടിച്ചു നിന്നു.

വരളും പുഴയുടെ മാറുകീറി
മണലിനായ് നമ്മള്‍ പരതി നോക്കി.
പിടയുന്ന ജീവി തന്‍ ചോരയൂറ്റി
കാശിനായ് നമ്മള്‍ കടല്‍ കടത്തി.

പശിയടക്കാന്‍ വന്ന ബാല്യങ്ങളെ
വലയില്‍ക്കുരുക്കി വിലപേശി നമ്മള്‍.
മാര്‍ഗ്ഗതടസ്സങ്ങളൊഴിവാക്കിടാന്‍
‘ക്വട്ടേഷന്‍‘ നല്‍കാന്‍ ശീലിച്ചു നമ്മള്‍.

പരിണാമമാണിതു പരിണാമമത്രേ
മനുഷ്യനില്‍ നിന്നു മൃഗത്തിലേക്ക്...?!
പരിണാമമാണിതു പരിണാമമത്രേ
നാകത്തില്‍ നിന്നു നരകത്തിലേക്ക്...?!

Share

Tuesday, August 18, 2009

പനിപുരാണം(തുള്ളല്‍)

ഡെങ്കിപ്പനി ജയ...(2)
പക്ഷിപ്പനി ജയ....(2)
പന്നിപ്പനി ജയ....(2)
എന്നാല്‍, പനിയുടെ കഥയതു ചൊല്ലാം
കഥയിതു കേട്ടു ചിരിക്കരുതാരും..!

പണ്ടൊരു വിദ്വാന്‍ പനി വന്നപ്പോള്‍
ചുക്കുകഷായം സേവിച്ചത്രേ....!
രണ്ടു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍,പനി
പമ്പകടന്നു മറഞ്ഞിതു പോലും....!

കാലം മാറി, കോലം മാറി
പനിയുടെ മട്ടും ഭാവോം മാറി.
പലവിധ വേഷമണിഞ്ഞവനെത്തീ
നാട്ടില്‍ ദുരിതം തീര്‍ക്കാനായി.
(ഡെങ്കിപ്പനി ജയ....)

വൈറല്‍ പനിയായ് വന്നവനാദ്യം
പിന്നെ ചികുന്‍ ഗുനിയയുമായി.
ഡെങ്കിയും എലിയും പക്ഷിപ്പനിയും
പോരാത്തതിനൊരു പന്നിപ്പനിയും...!

ഇങ്ങനെ പനികള്‍ പലതുണ്ടുലകില്‍
ലോകരെയൊക്കെ പേടിപ്പിക്കാന്‍....!

വെണ്ടയ്ക്കാപ്പനി വരുമെന്നോര്‍ത്തൊരു
മണ്ടന്‍ ചാടി കുഴിയിലൊളിച്ചു.
ചാടിയ കുഴിയിലിരുന്നൊരു പാമ്പ്
കാലിന്‍ മേലെ കൊത്തി വലിച്ചൂ...!

‘മുരളി‘പ്പനിയെ പേടിച്ചിട്ടാ
കോണ്‍ഗ്രസ്സ് വാതില്‍ കൊട്ടിയടച്ചൂ
‘ലാവലിന്‍‘പനിയാല്‍ പതറിയ വിജയന്‍
സുപ്രീം കോടതി കയറിയിറങ്ങി....!

പിള്ളാരൊക്കെ പ്രാര്‍ത്ഥിക്കുന്നൂ
പനിവരുവാനായ് സതതം ശംഭോ
പനിയെങ്ങാനും വന്നു ഭവിച്ചാല്‍
പത്തു ദിവസം വീട്ടിലിരിക്കാം....!
(ഡെങ്കിപ്പനി ജയ....)

ഭീതി വിതച്ചും പേടിപ്പിച്ചും
പനിയുടെ നടനമിതേറുമ്പോള്‍
മരുന്നു കടക്കാര്‍ സന്തോഷിപ്പൂ
പനിയതു വേഗം പടരട്ടേ....!

അവിടെ മരിച്ചൂ, ഇവിടെ മരിച്ചൂ
വാര്‍ത്തകളിങ്ങനെ പെരുകുമ്പോള്‍
ഇല്ലാതില്ലാ സംശയമുള്ളില്‍‌‌ -
“വാക്സിന്‍ കമ്പനി കോടികള്‍ തട്ടാന്‍
പുകിലുണ്ടാക്കിയതാണോ, ആവോ?!!!

‘നൂറ്റിപ്പത്തില്‍‘അഞ്ചാറെണ്ണം
പരലോകത്തെ പ്രാപിച്ചെന്നാല്‍
തകരുകയില്ലീ രാജ്യം, മൂഢാ
നേരറിയാന്‍ നീ വൈകരുതേ....!
(ഡെങ്കിപ്പനി ജയ....)

പുതിയൊരു പനിയുടെ വരവും കാത്ത്
പഴയൊരു സിനിമാപാട്ടും പാടി
കണ്ണുമടച്ചു കിടക്കാം പ്രിയരേ
തലവഴി മുണ്ടു പുതയ്ക്കാം പ്രിയരേ...!!!
(ഡെങ്കിപ്പനി ജയ....)

Share

Saturday, July 11, 2009

കിനാവുകള്‍ പറയുന്നത്..!

പൂക്കളാണെന്റെ കിനാവുകള്‍.
ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാതെ
വിടരും, കൊഴിയും, പിന്നെയും വിടരും
പൂക്കളാണെന്റെ കിനാവുകള്‍...!

മഴമേഘമാണെന്റെ കിനാവുകള്‍.
ചാറ്റല്‍ മഴയായ് പൊഴിയും, കൊടും
പേമാരിയായ് പെയ്തൊഴിയും
മഴമേഘമാണെന്റെ കിനാവുകള്‍...!

സുസ്മിതങ്ങളാന്റെ കിനാവുകള്‍.
അപരഹൃദയത്തിനാത്മാവിലോളം
അമൃത് തൂകിക്കടന്നു പോകും
സുസ്മിതങ്ങളാണെന്റെ കിനാവുകള്‍...!

കിനാവുകള്‍ പറയുന്നത്;
“ഞാന്‍ നിന്റെ രാഗഭാവം
ഞാന്‍ നിന്റെ ജീവതാളം
നമ്മള്‍ പരസ്പരം ബന്ധിതര്‍
കാല പ്രവാഹത്തില്‍ ഒന്നിച്ചുചേര്‍ന്നവര്‍...!”

Thursday, July 2, 2009

തിരക്ക്

അവന്റെ തമാശ കേട്ട് അവള്‍ ചിരിച്ചു കൊണ്ടിരുന്നു.
ഒടുവില്‍, വര്‍ഷമൊന്നു കഴിഞ്ഞതോ അവളുടെ വയറ്റില്‍
മറ്റൊരു തമാശ രൂപം കൊള്ളുന്നതോ അവന്‍ അറിഞ്ഞില്ല.
അവന്‍ തിരക്കിലായിരുന്നു; വിവാഹം കഴിക്കുന്ന തിരക്കില്‍!

Monday, June 22, 2009

മുഖംമൂടികള്‍

ബാല്യം,ചോരയൊലിപ്പിക്കുന്നൊരു
മുറിവു മാത്രം..!
കാമം ചെമപ്പിച്ച കണ്ണുകളില്‍
കൌമാരത്തിന്റെ വേലിയേറ്റം.
തിളയ്ക്കുന്ന യൌവ്വനചൂടില്‍
തെറ്റുകളുടെ താണ്ഡവം.
കറുത്ത പെണ്ണിന്റെ
മേനിയഴകില്‍
തിരുമേനിയുടെ വിശുദ്ധ വിപ്ലവം.
അഭയമാര്‍ ഇനിയും
അഭയമില്ലാതെ.....
കാമ്പസ്സിന്റെ കനത്ത
കല്‍ക്കെട്ടിനുള്ളില്‍
നിസ്സഹായതയുടെ സ്വയംഹത്യകള്‍...!
ബലിക്കല്ലിനുമപ്പുറം
രോദനങ്ങള്‍ ആരു കേള്‍ക്കാന്‍?!
കൃഷ്ണ മൃഗത്തിന്റെ പിടച്ചിലില്‍
മാറ്റത്തിന്റെ കൊടുങ്കാറ്റ്.
വലിച്ചുമാറ്റപ്പെട്ട മുഖംമൂടിക്കുള്ളില്‍
വെറുക്കപ്പെട്ടവന്റെ വികൃതമുഖം!
പ്രത്യയശാസ്ത്രത്തിന്റെ
അപ്പോസ്തലന്
പുതിയ മുതലാളിത്ത വെളിപാടുകള്‍!
നീതി മാത്രം
ഇപ്പോഴും അകലെ....
കാഴ്ചകള്‍ അവസാനിക്കുന്നില്ല;
യാത്രകളും.....!

Tuesday, June 2, 2009

വിരഹം

യമുന കരയുന്നു;
എന്റെ കണ്ണുകളില്‍ നോക്കി.
ഹൃദയത്തില്‍ നോവുകളുടെ ശരവര്‍ഷം നടത്തി
യമുന കരയുന്നു!
നീണ്ട നാളുകള്‍ക്കുമിപ്പുറം
മറ്റൊരു സമാഗമം.
പ്രണയത്തിന്റെ തീജ്ജ്വാലയില്‍
ചിറകൂകരിഞ്ഞവര്‍
താളം മറന്നവര്‍
പിന്നിട്ട വഴികളില്‍
കണ്ണീരുപ്പു ശേഷിപ്പിച്ചവര്‍.
ജീര്‍ണ്ണിച്ച ചിന്തകളില്‍
അശാന്തി പടര്‍ത്തി
പിന്നെയും യമുന കരയുന്നു!
രാഗം തുളുമ്പിയ നിശകളില്‍
നിഴലും നിലാവുമായവര്‍,
ശ്രുതിലയങ്ങളായ് ചേര്‍ന്നവര്‍.
എന്നിട്ടും മനസ്സിന്റെ കോണിലെങ്ങോ
അസംതൃപ്തിയുടെ നിഴലാട്ടം കണ്ടവര്‍.
പിന്നെ,വിരഹവേദനയുടെ
ചൂടറിഞ്ഞവര്‍!
മരവിച്ച ഓര്‍മ്മകളില്‍ വിഷാദമുണര്‍ത്തി
വീണ്ടും യമുന കരയുന്നു......!

Saturday, May 23, 2009

നാടകം...!

വിജനത;
അന്ധകാരം.
ഒരാ‍ള്‍,
അല്ല രണ്ടുപേര്‍.
പതുങ്ങിയ
ചുവടുകള്‍!
തിളങ്ങുന്ന കത്തി,
ചീറ്റുന്ന ചോര.
നിലയ്ക്കുന്ന ഞരക്കം!
കത്തുന്ന
കണ്ണുകള്‍,
വിയര്‍പ്പില്‍ കുളിച്ച
ശരീരങ്ങള്‍!
മടക്കയാത്ര;
ചുവടുകള്‍ തെറ്റാതെ
പിന്തിരിഞ്ഞു നോക്കാതെ!

Wednesday, May 13, 2009

കാലകേയന്റെ ഡയറിക്കുറിപ്പുകള്‍ !‌‌ -1

ഇരുട്ടിലെങ്ങോ ഒരു കൈത്തിരിനാളം
അതു പൊലിയാതിരിക്കട്ടെ....!


ഇരുട്ടിനെപ്പോലും നമുക്കു സ്നേഹിക്കാം
ഇരുണ്ട മനസ്സിനെയോ.....?!