Ckalari is my friend

Ckalari is my friend

Monday, June 22, 2009

മുഖംമൂടികള്‍

ബാല്യം,ചോരയൊലിപ്പിക്കുന്നൊരു
മുറിവു മാത്രം..!
കാമം ചെമപ്പിച്ച കണ്ണുകളില്‍
കൌമാരത്തിന്റെ വേലിയേറ്റം.
തിളയ്ക്കുന്ന യൌവ്വനചൂടില്‍
തെറ്റുകളുടെ താണ്ഡവം.
കറുത്ത പെണ്ണിന്റെ
മേനിയഴകില്‍
തിരുമേനിയുടെ വിശുദ്ധ വിപ്ലവം.
അഭയമാര്‍ ഇനിയും
അഭയമില്ലാതെ.....
കാമ്പസ്സിന്റെ കനത്ത
കല്‍ക്കെട്ടിനുള്ളില്‍
നിസ്സഹായതയുടെ സ്വയംഹത്യകള്‍...!
ബലിക്കല്ലിനുമപ്പുറം
രോദനങ്ങള്‍ ആരു കേള്‍ക്കാന്‍?!
കൃഷ്ണ മൃഗത്തിന്റെ പിടച്ചിലില്‍
മാറ്റത്തിന്റെ കൊടുങ്കാറ്റ്.
വലിച്ചുമാറ്റപ്പെട്ട മുഖംമൂടിക്കുള്ളില്‍
വെറുക്കപ്പെട്ടവന്റെ വികൃതമുഖം!
പ്രത്യയശാസ്ത്രത്തിന്റെ
അപ്പോസ്തലന്
പുതിയ മുതലാളിത്ത വെളിപാടുകള്‍!
നീതി മാത്രം
ഇപ്പോഴും അകലെ....
കാഴ്ചകള്‍ അവസാനിക്കുന്നില്ല;
യാത്രകളും.....!

7 comments:

Rejeesh Sanathanan said...

കാലവും കോലവും മാറുകയല്ലേ.........

സന്തോഷ്‌ പല്ലശ്ശന said...

അഭയമാര്‍ ഇനിയും
അഭയമില്ലാതെ.....

ഈ വരികള്‍ എന്‍റേ നീറുന്ന മുറിവാണ്‌. എന്‍റെ അഭയ എന്ന പോസ്റ്റ്‌ അങ്ങിനെ ഉണ്ടായതാണ്‌.

സതീഷേട്ടാ കാഴ്ച്ചകളെ കൊത്തി വലിക്കുന്ന വര്‍ത്തമാനത്തിന്‍റെയും അസ്വസ്ഥമായ ജിവിതവഴികളുടേയും കുടികിടപ്പുകാരനായി മാറിയല്ലെ....
ഉണ്ട്‌ നിങ്ങള്‍ക്കൊപ്പം ഞാനും....

ശ്രീ said...

നല്ല വരികള്‍

Maranalloor Satheesh said...
This comment has been removed by the author.
Maranalloor Satheesh said...

കാലവും കോലവും മാത്രമല്ല മലയാളിയും
മാറുകയാണല്ലോ..!
കാഴ്ചകളും യാത്രകളും അവസാനിക്കുന്നില്ലല്ലോ സന്തോഷ്.
എന്നോടൊപ്പം ഉണ്ടെന്നറിയുന്നതില്‍ സന്തോഷം!
ശ്രീയുടെ അഭിപ്രായത്തിന് നന്ദി!

അരുണ്‍ കരിമുട്ടം said...

ചേല ചുറ്റിയ കോലുകണ്ടാലും
കാമം തന്നെ:((

Maranalloor Satheesh said...

ശരിയാണ് അരുണ്‍
ചിലര്‍ക്ക് ചേല ചുറ്റിയ കോലു കണ്ടാലും കാമം വരും!