Ckalari is my friend

Ckalari is my friend

Saturday, August 29, 2009

പരിണാമം.

കുന്നിടിച്ചു നമ്മള്‍ കുഴിനികത്തി
രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്തി.
കാടായ കാടൊക്കെ വെട്ടി നമ്മള്‍
കാടിന്റെ മക്കളെ കുടിയിറക്കി.

പച്ചപ്പു തിങ്ങും വയലേലകള്‍
തരിശിട്ടു നമ്മള്‍ കൊടിപിടിച്ചു.
പൊന്നുപൂക്കുന്നൊരീ മണ്ണില്‍ നമ്മള്‍
പണിയെടുക്കാതെ മടിച്ചു നിന്നു.

വരളും പുഴയുടെ മാറുകീറി
മണലിനായ് നമ്മള്‍ പരതി നോക്കി.
പിടയുന്ന ജീവി തന്‍ ചോരയൂറ്റി
കാശിനായ് നമ്മള്‍ കടല്‍ കടത്തി.

പശിയടക്കാന്‍ വന്ന ബാല്യങ്ങളെ
വലയില്‍ക്കുരുക്കി വിലപേശി നമ്മള്‍.
മാര്‍ഗ്ഗതടസ്സങ്ങളൊഴിവാക്കിടാന്‍
‘ക്വട്ടേഷന്‍‘ നല്‍കാന്‍ ശീലിച്ചു നമ്മള്‍.

പരിണാമമാണിതു പരിണാമമത്രേ
മനുഷ്യനില്‍ നിന്നു മൃഗത്തിലേക്ക്...?!
പരിണാമമാണിതു പരിണാമമത്രേ
നാകത്തില്‍ നിന്നു നരകത്തിലേക്ക്...?!

Share

Tuesday, August 18, 2009

പനിപുരാണം(തുള്ളല്‍)

ഡെങ്കിപ്പനി ജയ...(2)
പക്ഷിപ്പനി ജയ....(2)
പന്നിപ്പനി ജയ....(2)
എന്നാല്‍, പനിയുടെ കഥയതു ചൊല്ലാം
കഥയിതു കേട്ടു ചിരിക്കരുതാരും..!

പണ്ടൊരു വിദ്വാന്‍ പനി വന്നപ്പോള്‍
ചുക്കുകഷായം സേവിച്ചത്രേ....!
രണ്ടു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍,പനി
പമ്പകടന്നു മറഞ്ഞിതു പോലും....!

കാലം മാറി, കോലം മാറി
പനിയുടെ മട്ടും ഭാവോം മാറി.
പലവിധ വേഷമണിഞ്ഞവനെത്തീ
നാട്ടില്‍ ദുരിതം തീര്‍ക്കാനായി.
(ഡെങ്കിപ്പനി ജയ....)

വൈറല്‍ പനിയായ് വന്നവനാദ്യം
പിന്നെ ചികുന്‍ ഗുനിയയുമായി.
ഡെങ്കിയും എലിയും പക്ഷിപ്പനിയും
പോരാത്തതിനൊരു പന്നിപ്പനിയും...!

ഇങ്ങനെ പനികള്‍ പലതുണ്ടുലകില്‍
ലോകരെയൊക്കെ പേടിപ്പിക്കാന്‍....!

വെണ്ടയ്ക്കാപ്പനി വരുമെന്നോര്‍ത്തൊരു
മണ്ടന്‍ ചാടി കുഴിയിലൊളിച്ചു.
ചാടിയ കുഴിയിലിരുന്നൊരു പാമ്പ്
കാലിന്‍ മേലെ കൊത്തി വലിച്ചൂ...!

‘മുരളി‘പ്പനിയെ പേടിച്ചിട്ടാ
കോണ്‍ഗ്രസ്സ് വാതില്‍ കൊട്ടിയടച്ചൂ
‘ലാവലിന്‍‘പനിയാല്‍ പതറിയ വിജയന്‍
സുപ്രീം കോടതി കയറിയിറങ്ങി....!

പിള്ളാരൊക്കെ പ്രാര്‍ത്ഥിക്കുന്നൂ
പനിവരുവാനായ് സതതം ശംഭോ
പനിയെങ്ങാനും വന്നു ഭവിച്ചാല്‍
പത്തു ദിവസം വീട്ടിലിരിക്കാം....!
(ഡെങ്കിപ്പനി ജയ....)

ഭീതി വിതച്ചും പേടിപ്പിച്ചും
പനിയുടെ നടനമിതേറുമ്പോള്‍
മരുന്നു കടക്കാര്‍ സന്തോഷിപ്പൂ
പനിയതു വേഗം പടരട്ടേ....!

അവിടെ മരിച്ചൂ, ഇവിടെ മരിച്ചൂ
വാര്‍ത്തകളിങ്ങനെ പെരുകുമ്പോള്‍
ഇല്ലാതില്ലാ സംശയമുള്ളില്‍‌‌ -
“വാക്സിന്‍ കമ്പനി കോടികള്‍ തട്ടാന്‍
പുകിലുണ്ടാക്കിയതാണോ, ആവോ?!!!

‘നൂറ്റിപ്പത്തില്‍‘അഞ്ചാറെണ്ണം
പരലോകത്തെ പ്രാപിച്ചെന്നാല്‍
തകരുകയില്ലീ രാജ്യം, മൂഢാ
നേരറിയാന്‍ നീ വൈകരുതേ....!
(ഡെങ്കിപ്പനി ജയ....)

പുതിയൊരു പനിയുടെ വരവും കാത്ത്
പഴയൊരു സിനിമാപാട്ടും പാടി
കണ്ണുമടച്ചു കിടക്കാം പ്രിയരേ
തലവഴി മുണ്ടു പുതയ്ക്കാം പ്രിയരേ...!!!
(ഡെങ്കിപ്പനി ജയ....)

Share